വൻകൂവർ : അടുത്ത രണ്ടു ദിവസം സതേൺ ബ്രിട്ടിഷ് കൊളംബിയ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. രണ്ട് ദിവസം താപനില 30 ഡിഗ്രി സെൽഷ്യസോ അതിലധികമോ ആകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹോവ് സൗണ്ട്, വിസ്ലർ, പെംബെർട്ടൺ, കിഴക്കൻ, ഉൾനാടൻ വാൻകൂവർ ദ്വീപ്, ഫ്രേസർ കാന്യോൺ, സൗത്ത് തോംസൺ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. സീ ടു സ്കൈ മേഖലയിലും വാൻകൂവർ ദ്വീപിലും, ഞായറാഴ്ചയും തിങ്കളാഴ്ചയും താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും ചൊവ്വാഴ്ച രാത്രിയിൽ 16 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അതേസമയം, ഫ്രേസർ കാന്യോൺ, സൗത്ത് തോംസൺ മേഖലകളിൽ താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ചയോടെ കടുത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
