ഒട്ടാവ: കാനഡയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് രാത്രി അറോറ ബോറിയാലിസ് (നോര്‍ത്തേണ്‍ ലൈറ്റ്സ്) ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് പ്രവചനം. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് (NOAA) പുറത്തിറക്കിയ പ്രവചനമനുസരിച്ച്, ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയും കാനഡയുടെ പടിഞ്ഞാറന്‍, വടക്കന്‍ ഭാഗങ്ങളില്‍ അറോറ ദൃശ്യമായേക്കും. കാനഡയിലെ മിക്ക പ്രദേശങ്ങളും ഇന്ന് രാത്രി അറോറ കാണാന്‍ സാധ്യതയുള്ള മേഖലകളിലാണ്.
ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്കച്വാന്‍, മാനിറ്റോബ, ടെറിട്ടറികള്‍, ഒന്റാരിയോ, കെബെക് എന്നിവിടങ്ങളില്‍ ഈ ആകാശക്കാഴ്ച വ്യക്തമായി കാണാന്‍ സാധിക്കും. കൂടാതെ, തെക്കന്‍ ഒന്റാരിയോയിലും കെബെക്കിലും, അറ്റ്ലാന്റിക് പ്രവിശ്യകളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇവ ദൃശ്യമാകും. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രകാശവിസ്മയം രാത്രി 11 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയിലായിരിക്കും കൂടുതല്‍ തീവ്രതയില്‍ കാണാന്‍ കഴിയുക.

ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്. സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികള്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കുന്നു. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്. കഴിഞ്ഞ തിങ്കളാഴ്ചയും സൗരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അറോറ ദൃശ്യമായിരുന്നു.
