ടൊറൻ്റോ : സ്കാർബ്റോയിൽ വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ വെസ്റ്റ് ഹിൽ മേഖലയിൽ 4301 കിംഗ്സ്റ്റൺ റോഡിലുള്ള കെട്ടിടത്തിലാണ് സംഭവം.

സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞ് കെട്ടിടത്തിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ 60 വയസ്സ് പ്രായമുള്ള ഒരാളെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തി. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ 43 വയസ്സുള്ള ഒരു സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുവർക്കും പരസ്പരം അറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവം കെട്ടിടത്തിനുള്ളിലാണ് നടന്നതെന്നും അധികൃതർ സ്ഥിരീകരിച്ചു. പക്ഷേ കത്തിക്കുത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. കുത്തേറ്റ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.