ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണിയെ നേരിടാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വ്യാപാര ചർച്ച നടത്തുമെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു. കാർണിയും ക്ലോഡിയ ഷെയിൻബോമും അടുത്ത വ്യാഴാഴ്ച ചർച്ച നടത്തും. മെക്സിക്കോയും കാനഡയും അമേരിക്കയോടൊപ്പം USMCA നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിലെ അംഗങ്ങളാണ്.

മെക്സിക്കൻ ഖനനം, ഗ്യാസ്, റെയിൽ തുടങ്ങിയ മേഖലകളിലെ കനേഡിയൻ നിക്ഷേപത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യുമെന്ന് ക്ലോഡിയ കൂട്ടിച്ചേർത്തു. മാർക്ക് കാർണിയുടെ സന്ദർശനത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്നും വിദേശകാര്യ മന്ത്രി അനിത ആനന്ദും മെക്സിക്കോ സിറ്റി സന്ദർശിച്ചിരുന്നു.

യുഎസ് താരിഫുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ ഓട്ടോ, സ്റ്റീൽ, അലുമിനിയം മേഖലകളെ സാരമായി ബാധിക്കുന്നു. യുഎസ് താരിഫുകൾക്ക് മറുപടിയായി കോടിക്കണക്കിന് ഡോളറിന്‍റെ യുഎസ് ഇറക്കുമതിക്ക് കാനഡ തീരുവ ചുമത്തി തിരിച്ചടിച്ചു. എന്നാൽ ഒരു കരാർ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, യുഎസ്എംസിഎയുടെ കീഴിൽ പെടുന്ന യുഎസ് സാധനങ്ങൾക്ക് കാർണി പിന്നീട് ഇളവ് നൽകി.