വാഷിംഗ്ടൺ ഡി സി : എച്ച്-1ബി വീസകളിൽ പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് നിലവിലുള്ള വീസ ഉടമകളെ ബാധിക്കില്ലെന്ന് ട്രംപ് ഭരണകൂടം. പുതിയ അപേക്ഷകൾക്ക് മാത്രമേ വീസ ഫീസ് ബാധകമാകുകയുള്ളുയെന്നും നിലവിൽ വീസയുള്ളവരും വീസ പുതുക്കാനുള്ളവർക്കും നടപടി ബാധകമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ വീസയുള്ളവർ ഉടൻ യുഎസിലേക്ക് മടങ്ങിയെത്തേണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. സെപ്റ്റംബർ 21 ന് പുലർച്ചെ 12:01 ന് ശേഷമോ അതിനുശേഷമോ സമർപ്പിക്കുന്ന പുതിയ അപേക്ഷകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.

എച്ച് 1 ബി, എച്ച് 4 വീസയുള്ളവർ അടുത്ത 14 ദിവസത്തേക്ക് യുഎസിൽ തുടരണമെന്നും നിലവിൽ യുഎസിനു പുറത്തുള്ള ജീവനക്കാർ ഇന്ന് തിരികെ എത്തണമെന്ന് മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികൾ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തിയത്. ‘‘എച്ച് 1 ബി വീസയിലുള്ള ഇന്ത്യക്കാർ ഞായറാഴ്ചയ്ക്കു മുമ്പ് യുഎസിൽ തിരികെ എത്തേണ്ടതില്ല. കൂടാതെ രാജ്യത്ത് പ്രവേശിക്കാൻ ഒരു ലക്ഷം ഡോളർ നൽകേണ്ടതുമില്ല. എച്ച് 1 ബി വീസ വാർഷിക ഫീസ് പുതിയ അപേക്ഷകൾക്ക് മാത്രമേ ബാധകമാകുകയുള്ളു, നിലവിലുള്ള വീസ പുതുക്കുന്നതിനു ബാധകമല്ല’’, യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.