എഡ്മിന്‍റൻ : സതേൺ ആൽബർട്ടയിലെ വനപ്രദേശത്ത് നിന്നും കാണാതായ ആറു വയസ്സുള്ള ഡാരിയസ് മക്ഡൗഗളിനായുള്ള തിരച്ചിൽ ശനിയാഴ്ച ഏഴാം ദിവസത്തിലേക്ക് കടന്നു. ആൽബർട്ട സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾക്ക് ഒപ്പം ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. തെർമൽ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകൾ, നായ്ക്കൾ, ഹെലികോപ്റ്ററുകൾ എന്നിവയും തിരച്ചിൽ സംഘങ്ങളെ സഹായിക്കുന്നു. ഓട്ടിസം ബാധിതനായ ഡാരിയസ് മക്ഡൗഗലിന് രക്ഷാപ്രവർത്തകർ കുട്ടിയുടെ പേര് വിളിക്കുമ്പോൾ പ്രതികരിക്കാൻ സാധ്യതയില്ലെന്ന് ആർസിഎംപി പറയുന്നു. ഇത് തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്. കാൽഗറിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള ഐലൻഡ് ലേക്ക് ക്യാമ്പ്ഗ്രൗണ്ടിലെ ക്യാമ്പ് സൈറ്റിൽ നിന്നും ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കുടുംബാംഗങ്ങൾക്ക് ഒപ്പം നടക്കാനിറങ്ങിയ ഡാരിയസ് മക്ഡൗഗൽ കൂട്ടംതെറ്റിപ്പോവുകയായിരുന്നു.

ആൽബർട്ട, സസ്കാച്വാൻ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള 128 സെർച്ച് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 225 പേർ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ ആൽബർട്ട പ്രവിശ്യാ പരിശീലന മാനേജർ ആദം കെന്നഡി പറഞ്ഞു. പൊതുജനങ്ങൾക്ക് വിവരങ്ങൾ പങ്കുവെക്കുന്നതിനായി കോൾമാൻ ക്രൗസ് നെസ്റ്റ് സ്പോർട്സ് കോംപ്ലക്സിൽ പബ്ലിക് ഇൻഫർമേഷൻ സെന്‍റർ തുറന്നിട്ടുണ്ടെന്ന് ആർസിഎംപി കമ്മീഷണർ ജിന സ്ലാനി അറിയിച്ചു.