ഓട്ടവ : വാഹന മോഷണം തടയുന്നതിനുള്ള നാഷണൽ ആക്ഷൻ പ്ലാൻ വിജയകരമെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി. നിയമപാലകർ, പ്രവിശ്യാ ഗവൺമെൻ്റുകൾ എന്നിവയുമായുള്ള ശക്തമായ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി പ്രകാരം വാഹനമോഷണം കുറഞ്ഞുവരികയാണ്, മന്ത്രി ഗാരി അനന്തസംഗരി പറഞ്ഞു. വാഹനമോഷണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ന്‍റെ ആദ്യ പകുതിയിൽ 19% കുറവുണ്ടായി, മന്ത്രി റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) 1,185 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ മൊത്തം മൂല്യം എട്ടു കോടി 40 ലക്ഷം ഡോളർ വരും.

തുറമുഖങ്ങൾ വഴി മോഷണവാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത് തടയാൻ വൻകൂവർ, മൺട്രിയോൾ, ഹാലിഫാക്സ് എന്നിവിടങ്ങളിൽ RCMP വെഹിക്കിൾ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കയറ്റുമതി കാർഗോ കണ്ടെയ്‌നറുകളുടെ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ വാഹന മോഷണം തടയുന്നതിനും മറ്റു പദ്ധതികൾക്കുമായി കനേഡിയൻ കമ്പനികൾക്ക് 150,000 ഡോളർ ഗ്രാൻ്റുകളും അനുവദിച്ചിട്ടുണ്ട്.
