ഹാലിഫാക്സ് : കഴിഞ്ഞ മാസം ഹാലിഫാക്സ് തുറമുഖത്ത് നിന്നും 800 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 5 ന് നടന്ന പരിശോധനയിൽ യുകെയിലേക്കുള്ള മറൈൻ കണ്ടെയ്നറിൽ നിന്നാണ് 801.5 കിലോഗ്രാം ഭാരമുള്ള 1,479 പാക്കേജ് വാക്വം-സീൽ ചെയ്ത ഉണക്കിയ കഞ്ചാവ് പിടിച്ചെടുത്തത്. വയർ മെഷ് ബിന്നുകൾ എന്ന പേരിലാണ് കണ്ടെയ്നറിൽ സാധനങ്ങൾ അയച്ചിരുന്നതെന്നും എന്നാൽ, പരിശോധനയിൽ കഞ്ചാവ് നിറച്ച നാല് മരപ്പെട്ടികൾ കണ്ടെത്തിയതായി അതിർത്തി സേവന ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ അന്വേഷണത്തിനായി കഞ്ചാവും മറ്റു തെളിവുകളും ഈസ്റ്റേൺ റീജനൽ ആർസിഎംപി ഉദ്യോഗസ്ഥർക്ക് കൈമാറി.

കാനഡയിൽ കഞ്ചാവ് നിയമപരമായിരിക്കാം, പക്ഷേ വിദേശ രാജ്യങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്, സിബിഎസ്എയുടെ അറ്റ്ലാൻ്റിക് റീജനൽ ഡയറക്ടർ ജനറൽ ഡൊമിനിക് മാലറ്റ് പറഞ്ഞു. ഇത് കസ്റ്റംസ് ആക്ടിന് കീഴിൽ അഞ്ച് വർഷം വരെയും കഞ്ചാവ് ആക്ടിന് കീഴിൽ 14 വർഷം വരെയും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്, അദ്ദേഹം വ്യക്തമാക്കി.
