മൺട്രിയോൾ : തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, എൻസെംബിൾ മൺട്രിയോൾ ലീഡർ സൊറയ മാർട്ടിനെസ് ഫെറാഡയ്ക്ക് വ്യക്തമായ ലീഡുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. അതേസമയം പുതിയ മേയറെ തിരഞ്ഞെടുക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ, വോട്ടർമാരിൽ മൂന്നിൽ ഒരാൾ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പല്ലാസ് ഡാറ്റ സർവേ സൂചിപ്പിക്കുന്നു. നവംബർ 2 ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെ പുതിയ മേയറെ തിരഞ്ഞെടുക്കാൻ മൺട്രിയോൾ നിവാസികൾ പോളിങ് ബൂത്തിലേക്ക് പോകും.

ഒക്ടോബർ 25 ന് 608 വോട്ടർമാരിൽ നടത്തിയ സർവേയിൽ മാർട്ടിനെസ് ഫെറാഡയ്ക്ക് 33% പിന്തുണയുണ്ട്. 18% വോട്ടർമാരുടെ പിന്തുണയോടെ പ്രൊജക്റ്റ് മൺട്രിയോൾ ലീഡർ ലൂക്ക് റബൂയിൻ രണ്ടാം സ്ഥാനത്താണ്. അതേസമയം 29% വോട്ടർമാർ ഇതുവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സർവേയിൽ പ്രതികരിച്ചു. സർവേ പ്രകാരം ആക്ഷൻ മൺട്രിയോളിന്‍റെ ഗിൽബർട്ട് തിബോഡോയ്ക്ക് 11 ശതമാനവും ട്രാൻസിഷൻ മൺട്രിയോളിന്‍റെ ക്രെയ്ഗ് സോവെയ്ക്ക് അഞ്ച് ശതമാനവും ഫ്യൂച്ചർ മൺട്രിയോളിന്‍റെ ജീൻ-ഫ്രാൻസ്വ കക്കൂവിനു മൂന്ന് ശതമാനവുമാണ് പിന്തുണ.
