വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ ശനിയാഴ്ചയും കനത്ത മഴ തുടരുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു. വൻകൂവർ, ബർണബി, ന്യൂ വെസ്റ്റ്മിൻസ്റ്റർ, നോർത്ത് ഷോർ, ട്രൈ-സിറ്റീസ്, ഫ്രേസർ വാലി, സീ ടു സ്കൈ എന്നിവയുൾപ്പെടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ന്യൂനമർദ്ദത്തെ തുടർന്ന് വെള്ളിയാഴ്ച ബ്രിട്ടിഷ് കൊളംബിയ തീരപ്രദേശങ്ങളിൽ 30 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്തതായും കാലാവസ്ഥാ ഏജൻസി പറയുന്നു. നിക്കോള, സിമിൽക്കമീൻ മേഖലകളിലും ഒകനാഗൻ കണക്റ്റർ, കോക്വിഹല്ല ഹൈവേ, ഹൈവേ 3 എന്നിവിടങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹോപ്പിനടുത്തുള്ള കോക്വിഹല്ലയിലും ഹൈവേ 3 ലും 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.

കനത്ത മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. കൂടാതെ ചില സമയങ്ങളിൽ ദൃശ്യപരത പെട്ടെന്ന് കുറയാൻ സാധ്യതയുണ്ടെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
