എഡ്മിന്‍റൻ : അധ്യാപക സമരം അവസാനിപ്പിക്കാൻ ആൽബർട്ട സർക്കാർ അവതരിപ്പിച്ച ബാക് ടു വർക്ക് നിയമനിർമ്മാണത്തിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുമെന്ന് ടീച്ചേഴ്സ് അസോസിയേഷൻ (ATA). ഇതുസംബന്ധിച്ച് ആൽബർട്ടയിലെ കിങ്‌സ് ബെഞ്ച് കോടതിയിൽ എടിഎ അപേക്ഷയും കേസ് പരിഗണിക്കുന്നതുവരെ ബിൽ 2 താൽക്കാലികമായി നിർത്താൻ ഒരു ഇടക്കാല ഇൻജക്ഷനും സമർപ്പിച്ചു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഈ ക്ലോസ് ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നു.

പ്രവിശ്യാ സർക്കാർ ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതോടെയാണ് സമരം അവസാനിച്ചത്. സമരം പരിഹരിക്കാൻ സർക്കാരിന് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നു. എന്നാൽ, നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസിന്‍റെ ഉപയോഗം അവകാശ ലംഘനമാണെന്ന് ടീച്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
