ഓട്ടവ : ഇന്ന് രാത്രി മിക്ക കാനഡക്കാർക്കും ധ്രുവദീപ്തി (അറോറ) അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാൻ അവസരം ലഭിച്ചേക്കും. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയും കാനഡയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും ഈ വര്‍ണ്ണവിസ്മയം കാണാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ലൈറ്റ് ഷോ ഇന്ന് രാത്രി മുഴുവൻ നീണ്ടുനിൽക്കുമെങ്കിലും വൈകുന്നേരം ഏഴിനും പുലർച്ചെ ഒന്നിനും ഇടയിലായിരിക്കും നോര്‍ത്തേണ്‍ ലൈറ്റ്‌സ് ഏറ്റവും ദൃശ്യഭംഗിയോടെ കാണാനാവുക.

ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, യൂകോൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, നൂനവൂട്ട്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, കെബെക്ക്, ഒൻ്റാരിയോ എന്നിവയുടെ വടക്കൻ മേഖലയിൽ മിന്നുന്ന ദൃശ്യം നേരിട്ട് ദൃശ്യമാകും. കൂടാതെ തെക്കൻ ഒൻ്റാരിയോ, അറ്റ്ലാൻ്റിക് പ്രവിശ്യകൾ എന്നിവിടങ്ങളിലും നോർത്തേൺ ലൈറ്റ്സ് കാണാൻ സാധിച്ചേക്കും. നഗരവെളിച്ചത്തില്‍ നിന്ന് അകന്ന്, ഇരുണ്ട സ്ഥലങ്ങളില്‍ എത്തിയാല്‍ അറോറ കാണാനുള്ള സാധ്യത കൂടുതലാണ്. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്.
