എഡ്മിന്‍റൻ: പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തങ്ങളുടെ പുതിയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആൽബർട്ട സർക്കാരിനോട് ആവശ്യപ്പെട്ട് എൻഡിപി. പ്രൊട്ടക്റ്റ് വർക്കേഴ്സ് പേ ആക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ, മിനിമം വേതനം മൂന്ന് വർഷത്തേക്ക് ഓരോ വർഷവും 1 ഡോളർ വീതം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 2027 ഒക്ടോബറോടെ കുറഞ്ഞ വേതനം മണിക്കൂറിന് 18 ഡോളറാകും.
നിലവിൽ ആൽബർട്ടയിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറാണ്. 2018ന് ശേഷം ഇതിൽ വർധന വരുത്തിയിട്ടില്ല.യുവ തൊഴിലാളികൾക്ക് നിലവിലുള്ള കുറഞ്ഞ വേതനം ഒഴിവാക്കാനും, ടിപ്പുകൾ പൂർണ്ണമായും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. വേതനം ജീവിതച്ചെലവിന് അനുസൃതമായി നിലനിർത്താൻ, മിനിമം വേതനത്തെ ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിക്കാനും ബിൽ നിർദ്ദേശിക്കുന്നു.

പുതിയ ബിൽ നീതിക്ക് വേണ്ടിയുള്ളതാണെന്നും, തൊഴിലാളികൾക്ക് അവരുടെ ദൈനംദിന ചെലവുകൾ താങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്നും എൻഡിപി ലീഡർ നഹീദ് നേഷി പറഞ്ഞു. എന്നാൽ മിനിമം വേതനം വർധിപ്പിക്കുന്നത് ബിസിനസ്സുകളെ ദോഷകരമായി ബാധിക്കാനും യുവജനങ്ങളുടെ തൊഴിലില്ലായ്മ വർധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെ (യുസിപി) നിലപാട്. മുൻപ് വേതനം വർധിപ്പിച്ചത് 21,000-ത്തിലധികം യുവജനങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്നും ഒരു യുസിപി വക്താവ് പറഞ്ഞു.
