എഡ്മിന്‍റൻ : പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വെല്ലുവിളിയായി റൂറൽ റിന്യൂവൽ സ്ട്രീമിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആൽബർട്ട. ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിൻ്റെ (AAIP) കീഴിലുള്ള റൂറൽ റിന്യൂവൽ സ്ട്രീമിൽ (RRS) ജനുവരി ഒന്ന് മുതൽ മാറ്റങ്ങൾ വരുത്തുന്നു. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരിഗണിക്കുക.

രണ്ട് വർഷത്തിലേറെയായി, ആൽബർട്ടയിലെ ഏറ്റവും പ്രധാനമായ ഇമിഗ്രേഷൻ പാത്ത് വേയാണ് റൂറൽ റിന്യൂവൽ സ്ട്രീം. എന്നാൽ, ഫെഡറൽ സർക്കാർ അനുവദിക്കുന്ന നോമിനേഷൻ സ്ലോട്ടുകളിൽ കുറവ് വന്നതോടെ ഈ സ്ട്രീം പരിഷ്കരിക്കേണ്ട അവസ്ഥയിലായി. പ്രവിശ്യയിലെ ഗ്രാമീണ വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം, ഉയർന്ന ഡിമാൻഡുള്ള ജോലികൾ തുടങ്ങിയ ആൽബർട്ട സർക്കാരിൻ്റെ മുൻഗണനകൾക്ക് അനുസരിച്ച് കുടിയേറ്റ വിഹിതം കൈകാര്യം ചെയ്യണമെന്ന് AAIP വ്യക്തമാക്കി. നിലവിൽ റൂറൽ റിന്യൂവൽ സ്ട്രീമിൽ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം അനുവദിക്കുന്ന വിഹിതത്തേക്കാൾ കൂടുതലാണ്.

പ്രധാന മാറ്റങ്ങൾ
കമ്മ്യൂണിറ്റിക്ക് പരിധി : ഓരോ നിശ്ചിത കമ്മ്യൂണിറ്റിക്കും നൽകാവുന്ന എൻഡോഴ്സ്മെൻ്റ് വിഹിതം പരിമിതപ്പെടുത്തും.
കാലാവധി ഒരു വർഷം: എൻഡോഴ്സ്മെൻ്റ് ഓഫ് കാൻഡിഡേറ്റ് ലെറ്ററിൻ്റെ സാധുത ഒരു വർഷമായി നിജപ്പെടുത്തും.
TEER അടിസ്ഥാനമാക്കിയുള്ള മോഡൽ : എൻഡോഴ്സ്മെൻ്റിനായി TEER (Training, Education, Experience, and Responsibilities) അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോഡൽ നടപ്പിലാക്കും. ഇത് ജോലിയുടെ സ്വഭാവവും വൈദഗ്ധ്യ നിലവാരവും അനുസരിച്ച് അപേക്ഷകരെ തിരഞ്ഞെടുക്കാൻ സഹായിക്കും.
കാനഡയിലുള്ളവർക്ക് പുതിയ യോഗ്യത : കാനഡയിൽ തന്നെയുള്ള വിദേശ പൗരന്മാരുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും. അപേക്ഷാ സമയത്തും അത് പരിശോധിക്കുന്ന സമയത്തും അവർക്ക് സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം.
