സെന്റ് ജോൺസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ കാനഡക്കാരന് അമേരിക്കയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ സെന്റ് ജോൺസ് സ്വദേശിയായ അലക്സ് ഒഡ്രിസ്കോളിനെതിരെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരം റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അന്വേഷണം നടത്തിയത്.
ഒക്ടോബർ 30ന് വീടിന്റെ വാതിലിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ബിസിനസ് കാർഡ് പതിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ഒഡ്രിസ്കോൾ സംഭവം അറിഞ്ഞത്. ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോൾ, ഏറെക്കാലം മുമ്പ് ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നുള്ള ഒരു കമന്റാണ് അന്വേഷണത്തിന് കാരണമെന്ന് അറിയിച്ചു. ട്രംപിനെതിരായ ഭീഷണിയായി വിലയിരുത്തപ്പെട്ട കമന്റ് സീക്രട്ട് സർവീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
‘ട്രംപിനെ കണ്ടാൽ വെടിവെക്കണം’ എന്ന കമന്റ്
അന്വേഷണ ഉദ്യോഗസ്ഥനുമായി നവംബർ രണ്ടിന് പത്തുമിനിറ്റോളം ഒഡ്രിസ്കോൾ കൂടിക്കാഴ്ച നടത്തി. ട്രംപ് കാനഡയെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കനേഡിയൻ പൗരന്മാർ എന്തുചെയ്യുമെന്ന ചോദ്യമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ‘ട്രംപിനെ കണ്ടാൽ ഉടൻ വെടിവെക്കണം’ എന്ന തരത്തിലുള്ള കമന്റ് ഇട്ടെന്നാണ് സീക്രട്ട് സർവീസ് അറിയിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒഡ്രിസ്കോൾ വ്യക്തമാക്കി.
എന്നാൽ, അത്തരമൊരു കമന്റ് എഴുതിയതായി ഓർമയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, കമന്റ് എഴുതിയിട്ടില്ലെന്ന് ഉറപ്പിച്ചു നിഷേധിക്കുന്നുമില്ല. ഒന്നരവർഷം മുമ്പ് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനാൽ കമന്റ് പരിശോധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കമന്റിന്റെ തെളിവ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കൽ അതില്ലെന്നായിരുന്നു മറുപടി. തനിക്ക് തോക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റിന് ഭീഷണിയല്ലെന്നും ഒഡ്രിസ്കോൾ വ്യക്തമാക്കി. ട്രംപിന്റെ പേരിൽ തന്റെ ജീവിതം തകർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായേക്കും
അന്വേഷണത്തിന്റെ അവസാനം താൻ അമേരിക്കൻ പ്രസിഡന്റിന് ഭീഷണിയല്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതായി ഒഡ്രിസ്കോൾ പറഞ്ഞു. എന്നാൽ, സംഭവത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയേക്കാമെന്നും അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
നായകളെ പരിചരിക്കുന്ന ജോലിചെയ്യുന്ന ഒഡ്രിസ്കോൾ, അമേരിക്കയിലേക്കുള്ള യാത്രാവിലക്കിൽ വലിയ ആശങ്കയില്ലെന്നും വ്യക്തമാക്കി. ട്രംപ് അധികാരത്തിൽ നിന്ന് മാറിയാലും അമേരിക്കയിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഭീഷണികളെ ഗൗരവമായി കാണുമെന്ന് RCMP
ട്രംപിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്റുകൾ എത്ര തവണ അന്വേഷണത്തിനായി കനേഡിയൻ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാൻ സീക്രട്ട് സർവീസിനോട് റേഡിയോ-കാനഡ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
ഇത്തരം അന്വേഷണങ്ങളിൽ എത്ര കേസുകളാണ് സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരം ആരംഭിച്ചതെന്നോ എത്ര കേസുകളിൽ കുറ്റം ചുമത്തിയെന്നോ വ്യക്തമാക്കാൻ ആർ.സി.എം.പിയും തയ്യാറായില്ല.
പൊതുപ്രവർത്തകർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരായ എല്ലാ ഭീഷണികളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആർ.സി.എം.പി ദേശീയ വക്താവ് കാമിൽ ബോയ്‌ലി-ലാവോയി അറിയിച്ചു.
പൊലീസിന് അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വമുണ്ടെന്ന് താൻ മനസ്സിലാക്കുന്നുവെന്ന് ഒഡ്രിസ്കോൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ എഴുതുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകൂടിയാണ് തന്റെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
