ടൊറൻ്റോ : നോർത്തേൺ ഓഷവയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റതായി ദുർഹം റീജനൽ പൊലീസ് അറിയിച്ചു. ഹാർമണി റോഡ് നോർത്തിൽ കോൾഡ്സ്ട്രീം ഡ്രൈവിലാണ് സംഭവം. കത്തിക്കുത്ത് എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. ഉച്ചക്ക് ഒരു മണിയോടെയാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ രണ്ടു പേരെ കണ്ടെത്തി. യുവാക്കളിൽ ഒരാളെ ടൊറൻ്റോയിലെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുന്നതിനാൽ പ്രദേശത്തെ മാക്സ്വെൽ ഹൈറ്റ്സ് സെക്കൻഡറി സ്കൂൾ ഹോൾഡ് ആൻഡ് സെക്യൂരിറ്റി ഉത്തരവിന് കീഴിലാണ്. സ്കൂൾ പരിസരത്ത് വെച്ചാണോ സംഭവം നടന്നതെന്ന് വ്യക്തമല്ല. എന്നാൽ, സംഭവം നടന്ന പ്രദേശത്താണ് മാക്സ്വെൽ ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.
