ഓട്ടവ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത താരിഫുകൾക്ക് പിന്നാലെ കാനഡയിലെ സ്‌റ്റീൽ വ്യവസായത്തിന് പിന്തുണ നൽകാനുള്ള പുതിയ നടപടികൾ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് പ്രഖ്യാപിക്കും. വിദേശ സ്റ്റീൽ ഇറക്കുമതി പരിമിതപ്പെടുത്താനും അന്തർ-പ്രവിശ്യാ റെയിൽ ചരക്ക് കൂലി കുറയ്ക്കാനുമാണ് ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം. കനേഡിയൻ തന്ത്രപ്രധാന വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും അവശ്യമാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പുതിയ നടപടികൾ കാർണി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറുകളില്ലാത്ത (Non-FTA) രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിയുടെ ക്വാട്ട, 2024 ലെ അളവിൽ നിന്ന് 50 ശതമാനത്തിൽ നിന്നും 20 ശതമാനമായി വെട്ടിക്കുറയ്ക്കും. ഇതോടെ ആഭ്യന്തര വിപണിയിലെ വിടവ് നികത്താനും അതുവഴി കനേഡിയൻ സ്റ്റീൽ നിർമ്മാതാക്കളെ സഹായിക്കാനും കഴിയും. ഏകദേശം 85.4 കോടി ഡോളറിൻ്റെ അധിക ഡിമാൻഡ് സൃഷ്ടിക്കുമെന്നാണ് കണക്കുക്കൂട്ടുന്നത്. സ്വതന്ത്ര വ്യാപാര കരാറുകളുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കുന്നതിനും പദ്ധതിയുണ്ട്.

അന്തർ-പ്രവിശ്യാ സ്റ്റീൽ ഷിപ്പിംഗിനായുള്ള റെയിൽ ചരക്ക് കൂലി 50 ശതമാനം കുറയ്ക്കാൻ സർക്കാർ സിഎൻ റെയിലുമായി (CN Rail) ചേർന്ന് പ്രവർത്തിക്കുമെന്നുമറിയുന്നു. കുറഞ്ഞ നിരക്ക് നൽകാൻ സിഎൻ റെയിലിന് കഴിയുന്നില്ലെങ്കിൽ, സർക്കാർ സബ്‌സിഡി നൽകും.
കഴിഞ്ഞ ജൂണിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ സ്റ്റീലിന് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. ഇതിന്റെ പിന്നാലെ ഒന്റാരിയോ സർക്കാർ യുഎസ് വിപണികളിൽ താരിഫുകൾക്കെതിരെ പരസ്യം നൽകിയതിന് പിന്നാലെ കഴിഞ്ഞ മാസം ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചിരുന്നു. സ്റ്റീൽ, ഓട്ടോ, തടി മേഖലകൾക്കായി ഈ ആഴ്ച തന്നെ പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി കാർണി നേരത്തെ ഹൗസ് ഓഫ് കോമൺസിൽ വാഗ്ദാനം ചെയ്തിരുന്നു.
