Thursday, November 27, 2025

ഫിഫയെ വെല്ലുവിളിക്കാന്‍ റഷ്യ; 2026ല്‍ ബദല്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ നീക്കം

മോസ്‌കോ: രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയെ വെല്ലുവിളിച്ച് ബദല്‍ ലോകകപ്പ് ടൂര്‍ണമെന്റ് നടത്താന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ‘വേള്‍ഡ് സോക്കര്‍ ടോക്ക്’, ബ്രിട്ടനിലെ ‘ഫൂട്ടി റൂം’ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും, റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍എഫ് യു) ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

2026-ല്‍ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ അതേ സമയത്ത് തന്നെ റഷ്യയില്‍ ഒരു സമാന്തര രാജ്യാന്തര ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് പദ്ധതി. 2018ല്‍ ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

റഷ്യയുടെ ബദല്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമാക്കാന്‍ സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ് സമീപിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ, ഈ രാജ്യങ്ങളെല്ലാം 2026-ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാത്തവരാണ്. യോഗ്യത നേടാത്ത ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്‌ബോള്‍ ലോകത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.

യുക്രെയ്നിലെ സൈനിക നടപടിയെത്തുടര്‍ന്ന് 2022 ഫെബ്രുവരി മുതല്‍ ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളില്‍ നിന്നും റഷ്യയ്ക്ക് വിലക്കുണ്ട്. ഈ വിലക്കിനെ മറികടക്കാനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാനുമാണ് പുതിയ ടൂര്‍ണമെന്റിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ഈ ഉപരോധം പിന്‍വലിപ്പിക്കാനുള്ള ഒരു കടുത്ത നീക്കമായും ഈ നീക്കത്തെ വിലയിരുത്തുന്നു.

2018-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് നീണ്ട ഇടവേള വന്നതിനെത്തുടര്‍ന്നാണ് കടുത്ത നീക്കത്തിന് റഷ്യ തയ്യാറെടുക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!