മൺട്രിയോൾ : അതിശൈത്യത്തിലേക്ക് കടന്നതോടെ നഗരത്തിൽ ക്രിസ്മസോടെ പുതിയ 500 വാമിങ് ഷെൽട്ടറുകൾ തുറക്കുമെന്ന് മൺട്രിയോൾ മേയർ സൊറയ മാർട്ടിനെസ് ഫെറാഡ പ്രഖ്യാപിച്ചു. കൂടാതെ ഭവനരഹിതരായവർക്ക് ശൈത്യകാലത്ത് അതിജീവിക്കാൻ സഹായിക്കുന്നതിനുള്ള പുതിയ നടപടികളും മേയർ പ്രഖ്യാപിച്ചിട്ടുണ്ട്. 500 വാമിങ് ഷെൽട്ടറുകൾക്ക് നഗരത്തിന് ഏകദേശം 47 ലക്ഷം ഡോളർ ചിലവാകും. വാമിങ് ഷെൽട്ടറുകളിൽ പുതപ്പുകളും മറ്റ് ആവശ്യ വസ്തുക്കളും വിതരണം ചെയ്യും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 500 വാമിങ് ഷെൽട്ടറുകളിൽ ഇരുന്നൂറിലധികം ഷെൽട്ടറുകൾ തുറക്കുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്. നഗരത്തിലുടനീളം നിലവിൽ 2,458 വാമിങ് ഷെൽട്ടറുകളുണ്ട്. എന്നാൽ, ഭവനരഹിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് പര്യാപ്തമല്ലെന്ന് മാർട്ടിനെസ് ഫെറാഡ പറയുന്നു.

ശൈത്യകാലം നേരത്തെ വന്നതോടെ ഭവനരഹിതരുടെ പ്രതിസന്ധി ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന് മൺട്രിയോൾ പൊതുജനാരോഗ്യ മേഖല ഡയറക്ടർ മൈലീൻ ഡ്രൂയിൻ പറയുന്നു. ഹൈപ്പോഥെർമിയയ്ക്ക് ഇരയാകുന്ന തെരുവുകളിൽ ഉറങ്ങുന്നവരെ ഈർപ്പവും തണുപ്പും അപകടകരമായ അവസ്ഥയിലേക്ക് മാറ്റുമെന്ന് അവർ പറഞ്ഞു. ശൈത്യകാല മാസങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും മരണത്തിലും വർധന ഉണ്ടാകാറുണ്ടെന്നും മൈലീൻ കൂട്ടിച്ചേർത്തു.
