വൻകൂവർ : ഇ-കോളി ബാക്ടീരിയ സാധ്യതയും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളും കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ 108 മൈൽ റഞ്ചിലുള്ള സ്പ്രൂസ് ഹിൽ റിസോർട്ട് & സ്പായ്ക്കെതിരെ മുന്നറിയിപ്പ് നൽകി ഇൻ്റീരിയർ ഹെൽത്ത് (ഐഎച്ച്). നിയമലംഘനങ്ങളെത്തുടർന്ന് റിസോർട്ടിലെ റസ്റ്ററൻ്റ്, പൂൾ, ഹോട്ട് ടബ്ബുകൾ എന്നിവ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. മാർച്ച് 31 മുതൽ സാധുതയുള്ള ഓപ്പറേറ്റിങ് പെർമിറ്റുകൾ ഇല്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. കൂടാതെ, തിളപ്പിച്ചതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പ് റിസോർട്ട് അതിഥികളിൽ നിന്ന് മറച്ചുവെച്ചു. ഇ-കോളി സാധ്യതയുള്ള ഈ വെള്ളം ഉപയോഗിക്കുന്നത് അതിഥികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഐഎച്ച് മുന്നറിയിപ്പ് നൽകി. എഞ്ചിനീയർമാരുടെ അംഗീകാരമില്ലാതെ പൂൾ പമ്പുകൾ മാറ്റിയതിലൂടെ ഗുരുതരമായ അപകടമുണ്ടായേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷത്തിനിടെ ഇരുനൂറിലധികം തവണയാണ് ഈ റിസോർട്ടിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളത്. അടച്ചുപൂട്ടിയ ഉടൻ തന്നെ റിസോർട്ട് വീണ്ടും തുറക്കുന്നത് അധികൃതർക്ക് വെല്ലുവിളിയായതിനാലാണ് ഐഎച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. റിസോർട്ടിൻ്റെ മുൻ ഉടമ 2018-ൽ വർഗ്ഗീയ വിവേചനത്തിൻ്റെ പേരിൽ മുൻ ജീവനക്കാർക്ക് വലിയ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. റിസോർട്ടിൽ അടുത്തിടെ ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ചെയ്ത ശേഷം അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ഇൻ്റീരിയർ ഹെൽത്ത് നിർദ്ദേശിച്ചു.
