വാഷിങ്ടൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതിന്‍റെ ഭാഗമായി 17 ഫോട്ടോകൾ പുറത്തുവിട്ടു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡൻ്റ് ബിൽ ക്ലിന്‍റൺ, കോടീശ്വരൻ ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ഫോട്ടോകളാണ് അമേരിക്കൻ സെനറ്റിന്‍റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പുറത്തുവിട്ടത്. അതേസമയം കുറ്റകൃത്യത്തിന്‍റെയോ നിയമവിരുദ്ധ പ്രവർത്തനത്തിന്‍റെയോ ദൃശ്യങ്ങളല്ല പുറത്തുവിട്ടത്. എന്നാൽ, ജെഫ്രി എപ്‌സ്റ്റീനുമായി പ്രമുഖർക്കുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് നേരത്തെ പൂർണ പിന്തുണ നൽകിയിരുന്നു. സർക്കാരിനും തനിക്കും മറച്ചുവയ്ക്കാനൊന്നുമില്ലെന്ന് പറഞ്ഞ ട്രംപ് ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചിരുന്നു. എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.

പ്രമുഖ വ്യക്തികൾക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ നേരിട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് 2019 ജൂലൈയിൽ വീണ്ടും അറസ്റ്റിലായി. ജൂലൈ 24 ന്, എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പുത്തുവിട്ട ഫയലിൽ മൂന്ന് ചിത്രങ്ങളാണ് ട്രംപിന്‍റെതായിട്ടുള്ളത്. നിരവധി സ്ത്രീകൾക്കൊപ്പം ട്രംപ് നിൽക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നിൽ ‘ട്രംപ് കോണ്ടം’ എന്ന് എഴുതി വിലയിട്ടതിനൊപ്പം ട്രംപിന്‍റെ ചിത്രത്തോടെയുള്ള കോണ്ടം കവറിന്റേതാണ്. എപ്സ്റ്റീനൊപ്പം ഒരു യുവതിയോട് ട്രംപ് സംസാരിക്കുന്നതാണ് മൂന്നാമത്തെ ചിത്രം. മറ്റൊന്ന് ബിൽ ക്ലിന്‍റൺ എപ്സ്റ്റീനും മറ്റു ചിലർക്കും ഒപ്പമുള്ള ഫോട്ടോയാണ്. ഇവരെ കൂടാതെ ട്രംപിന്‍റെ മുൻ വൈറ്റ് ഹൗസ് ഉപദേശകൻ സ്റ്റീവ് ബാനർ, നടൻ വൂഡി അലൻ, റിച്ചാർഡ് ബ്രാൻസൺ തുടങ്ങിയവരുടെയും ഫോട്ടോകളുണ്ട്.
