ബെയ്ജിങ്: രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനുള്ള പുതിയ നീക്കവുമായി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉറകള്‍ക്കും ഗുളികകള്‍ക്കും മൂല്യവര്‍ദ്ധിത നികുതി (VAT) ഏര്‍പ്പെടുത്താന്‍ ചൈന തീരുമാനിച്ചു. ഗര്‍ഭനിരോധന ഉറകള്‍ക്ക് 13 ശതമാനം വാറ്റ് ബാധകമാക്കും. ഈ പുതിയ നികുതി 2026 ജനുവരി 1 മുതല്‍ നിലവില്‍ വരും.
1980 മുതല്‍ 2015 വരെ നടപ്പാക്കിയ ‘ഒറ്റക്കുട്ടി നയം’ ചൈനയുടെ ജനസംഖ്യയില്‍ വലിയ കുറവുണ്ടാക്കി. 2015-ല്‍ സര്‍ക്കാര്‍ ‘രണ്ട് കുട്ടികള്‍’ എന്ന നയം കൊണ്ടുവന്നെങ്കിലും ജനനനിരക്കില്‍ കാര്യമായ മാറ്റം വന്നില്ല. 2023-ല്‍ ജനനനിരക്കിനേക്കാള്‍ മരണനിരക്ക് വര്‍ദ്ധിച്ചതോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. 2019-ല്‍ 14.7 ദശലക്ഷം കുട്ടികള്‍ ജനിച്ച സ്ഥാനത്ത് 2024-ല്‍ ഇത് 9.5 ദശലക്ഷമായി കുറഞ്ഞു.

ഗര്‍ഭനിരോധന വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു കുട്ടിയെ വളര്‍ത്തുന്നതിനേക്കാള്‍ ചെലവ് കുറവാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന കാര്യം നികുതി ഏര്‍പ്പെടുത്തുന്നവര്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ മണ്ടന്മാരാണെന്ന് പലരും പരിഹസിക്കുന്നു.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ലൈംഗിക രോഗങ്ങളും ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. 2014-2021 കാലയളവില്‍ പ്രതിവര്‍ഷം 9 ദശലക്ഷം മുതല്‍ 10 ദശലക്ഷം വരെ ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈനയെന്ന് ദേശീയ ആരോഗ്യ കമ്മീഷന് പറയുന്നു. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കാമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
