ഫ്രെഡറിക്ടൺ : ഈ വർഷത്തെ കനത്ത മഞ്ഞുവീഴ്ചയിൽ ന്യൂബ്രൺസ്‌വിക്കിൽ വാഹനാപകടങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട്. വിന്റർ ടയറുകൾ ഉപയോഗിക്കാതെയോ ഡ്രൈവിങ് ശൈലിയിൽ മാറ്റം വരുത്താതെയോ ആളുകൾ റോഡിലിറങ്ങിയതാണ് അപകടങ്ങൾക്ക് കാരണമെന്ന് മോങ്ക്‌ടണിലെ ട്രിനിറ്റി കൊളീഷൻ സെന്റർ ഓപ്പറേഷൻസ് മാനേജർ റോബ് ആംസ്‌ട്രോങ് പറഞ്ഞു. ആദ്യ മഞ്ഞുവീഴ്ചയുടെ പിറ്റേന്ന് മാത്രം സെന്റ് ജോൺ പൊലീസിന് അൻപതോളം അപകടങ്ങളെക്കുറിച്ചുള്ള കോളുകളാണ് ലഭിച്ചത്. സെന്റ് ജോണിലെ കാർസ്റ്റാർ പോലുള്ള റിപ്പയർ ഷോപ്പുകളിൽ തൊഴിലാളി ക്ഷാമം കാരണം അറ്റകുറ്റപ്പണിക്കായി വിളിച്ച വാഹനങ്ങൾ എടുക്കാനാവാത്ത അവസ്ഥയുണ്ടായതായാണ് റിപ്പോർട്ട്. പതിനെട്ടോളം നോൺ-ഡ്രൈവബിൾ വാഹനങ്ങൾ റിപ്പയറിനായി തേടിവന്നെങ്കിലും സ്ഥാപനത്തിന് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് കാർസ്റ്റാർ കൊളീഷൻ മാനേജർ ടെറി റാറ്റ്ക്ലിഫ് പറഞ്ഞു.

ഈ തിരക്കിനിടയിൽ റിപ്പയർ ഷോപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ സ്റ്റാഫിങ്, സമയപരിധി, സ്പെയർ പാർട്‌സുകളുടെ ലഭ്യത എന്നിവയാണ്. തിരക്ക് കാരണം ടോ ചെയ്ത വാഹനങ്ങളെ മടക്കി അയയ്‌ക്കേണ്ടി വന്നതായി സെന്റ് ജോണിലെ സെന്റിനൽ കൊളീഷൻ അറിയിച്ചു. ‘ഡ്രൈവ് സ്ലോ, ഡ്രൈവ് സേഫ്’ എന്ന പരസ്യം വിപുലീകരിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും അല്ലെങ്കിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലേ കാർ തിരികെ ലഭിക്കൂ എന്നും പ്രിഫേർഡ് കൊളീഷൻ മാനേജർ കീത്ത് ബ്രൗൺ മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിക്ക് ശേഷമാണ് റിപ്പയർ ഷോപ്പുകളുടെ തിരക്ക് വർധിച്ചത്. ഓട്ടോ ബോഡി, കൊളീഷൻ ടെക്‌നീഷ്യൻമാരായി പരിശീലനം നേടുന്നവരുടെ എണ്ണം കുറഞ്ഞത് വ്യവസായത്തിന് വലിയ തിരിച്ചടിയാണെന്നും സ്ഥാപന ഉടമകൾ പറയുന്നു.
