വിനിപെഗ് : ആൽബർട്ട ക്ലിപ്പർ കാരണം മാനിറ്റോബയുടെ തെക്കൻ ഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ പ്രവിശ്യയിലെ ചില സ്കൂൾ ഡിവിഷനുകൾ സ്കൂളുകൾക്ക് അവധി നൽകി. ബുധനാഴ്ച രാവിലെ, ഹിമപാത സാധ്യതയെ തുടർന്ന് വിനിപെഗ്, ബ്രാൻഡൻ എന്നിവയുൾപ്പെടെ നിരവധി തെക്കൻ മാനിറ്റോബ നഗരങ്ങളിൽ എൻവയൺമെൻ്റ് കാനഡ ഓറഞ്ച് അലേർട്ട് നൽകിയിരുന്നു. തെക്കൻ, പടിഞ്ഞാറൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ പത്ത് മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കൂടാതെ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും വിസിബിലിറ്റി പൂജ്യമായി കുറയ്ക്കുകയും യാത്ര ദുഷ്കരമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് തെക്കൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ ഹിമപാതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, റോളിങ് റിവർ സ്കൂൾ ഡിവിഷനിലെ എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച അവധിയാണ്. കൂടാതെ ഡിവിഷൻ സ്കോളയർ ഫ്രാങ്കോ-മാനിറ്റോബെയ്ൻ ബുധനാഴ്ച എക്കോൾ സെൻ്റ്-ലാസറേയ്ക്കും എക്കോൾ ജോർസ് ഡി പ്ലെയിൻസിനുമുള്ള ബസുകൾ റദ്ദാക്കിയിട്ടുമുണ്ട്.
