വാഷിങ്ടൺ : കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറായ CUSMA കാലാവധി നീട്ടുന്നതിന് കാനഡ വിവിധ വിഷയങ്ങളിൽ നയപരമായ മാറ്റങ്ങൾ വരുത്തണമെന്ന് യുഎസ്. അടുത്ത വർഷം വ്യാപാര കരാർ പുനഃപരിശോധിക്കണമെങ്കിൽ നിർദ്ദിഷ്ടവും ഘടനാപരവുമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറയുന്നു. വ്യാപാര കരാർ അമേരിക്കൻ കയറ്റുമതിക്കാർക്ക് പ്രയോജനകരമാണെങ്കിലും 16 വർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ യുഎസ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയുടെ പാലുൽപ്പന്ന വിപണിയിലേക്കുള്ള പ്രവേശനം കൂടുതൽ സുതാര്യമാക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. കാനഡയുടെ നിലവിലെ നയങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ജാമിസൺ ഗ്രീർ പറഞ്ഞു. കൂടാതെ ചില വ്യവസായ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും അമേരിക്ക ആവശ്യപ്പെടുന്നു. ആൽബർട്ടയിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട തർക്കവും CUSMA പുനഃപരിശോധനയുടെ ഭാഗമാകുമെന്ന് അമേരിക്ക അറിയിച്ചു. കരാർ മുന്നോട്ടു കൊണ്ടുപോകാൻ കാനഡയുടെ ഓൺലൈൻ സ്ട്രീമിങ് ആക്ട്, ഓൺലൈൻ ന്യൂസ് ആക്ട് എന്നിവ പുനഃപരിശോധിക്കണമെന്നും ജാമിസൺ ഗ്രീർ പറയുന്നു. കൂടാതെ, അമേരിക്കൻ മദ്യത്തിനുള്ള പ്രവിശ്യാതല നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
