ധാക്ക: വിദ്യാര്‍ഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപ സമാനസാഹചര്യം. ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതുതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് വീണ്ടും പ്രക്ഷോഭം ഉയരുന്നത്. മുഖംമൂടി ധാരികളുടെ വെടിയേറ്റാണ് ഹാദി കൊല്ലപ്പെട്ടത്. ഇയാളുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണം നടന്നു. കഴിഞ്ഞയാഴ്ചയാണ് ഉസ്മാന്‍ ഹാദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാദി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തത്.

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്തേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാന്‍ ഹാദി. മരണവാര്‍ത്തയറിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ രാത്രി വൈകിയും റോഡിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കുറ്റവാളിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഷാബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അക്രമങ്ങളും നടന്നു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്‌ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിന് നേരെയും ആക്രമണം നടന്നു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകരടക്കം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
