ഓട്ടവ : രൂക്ഷമായ സാമ്പത്തിക, ഭവന വെല്ലുവിളികൾക്കിടയിൽ കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). 2025-ൽ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച 8,982 വിദേശ പൗരന്മാരെ ഏജൻസി നാടുകടത്തി. നാടുകടത്തപ്പെട്ടവരുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ ഇടം പിടിച്ചിരിക്കുന്നത്. മെക്സിക്കോ, ഹെയ്തി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് രാജ്യക്കാർ. കഴിഞ്ഞ വർഷം 2,831 ഇന്ത്യക്കാരെയാണ് പുറത്താക്കിയത്. വീസ തട്ടിപ്പ്, പഠനമോ ജോലിയോ ഇല്ലാതെ രാജ്യത്ത് തുടരുക, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുക തുടങ്ങിയവയാണ് ഇന്ത്യക്കാർക്കെതിരെയുള്ള നടപടിക്ക് പ്രധാന കാരണമായത്.

ഏറ്റവും പുതിയ വാർഷിക അവലോകന ഡാറ്റ പ്രകാരം, CBSA ഒക്ടോബർ വരെ ആകെ 18,969 പേരെയാണ് കാനഡയിൽ നിന്ന് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. 2024-ൽ 17,357 പേരെയും 2023-ൽ 15,207 പേരെയുമാണ് തിരിച്ചയത്. ഇതിൽ 841 പേർ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണ്. നിയമലംഘനത്തിന്‍റെ ഗൗരവമനുസരിച്ച് ഡീപോർട്ടേഷൻ ഓർഡർ, എക്സ്ക്ലൂഷൻ ഓർഡർ, ഡിപ്പാർച്ചർ ഓർഡർ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. ഗൗരവമേറിയ നിയമലംഘനം നടത്തിയ 8,982 പേർക്കാണ് കാനഡയിലേക്ക് മടങ്ങിവരുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയത്.
