ഗാസ സിറ്റി: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങള്‍ ഹമാസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം തുര്‍ക്കി ഇന്റലിജന്‍സ് മേധാവിയുമായി വിശദമായ കൂടിക്കാഴ്ച നടത്തി. രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ ഹമാസ് മധ്യസ്ഥരെ അറിയിച്ചതായാണ് വിവരം.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സുരക്ഷാ മേധാവികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഈ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. അമേരിക്കന്‍ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തില്‍ മിയാമിയില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനി, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ര്‍ അബ്ദുല്ലത്തി എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരാനാണ് യുഎസ് നീക്കം.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. കിഴക്കന്‍ ഗസ്സയിലെ തുഫ്ഫയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പട്ടിണിയും മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണെന്ന് യുഎന്‍ ഏജന്‍സികളും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ക്ക് അടിയന്തരമായി ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണതയിലെത്തിച്ച് മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
