ഡമാസ്‌കസ്: തെക്കന്‍ സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളില്‍ യുഎസ് സേന ആക്രമണം നടത്തിയത് സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ പങ്കെടുത്തെന്ന് ജോര്‍ദാനും സ്ഥിരീകരിച്ചു. ഐഎസിന്റെ 70 കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമ-കരയാക്രമണങ്ങളില്‍ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പല്‍മീറയില്‍ ഐഎസ് ആക്രമണത്തില്‍ 2 യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി. സിറിയയില്‍ 13 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തില്‍ പുതിയ ഭരണനേതൃത്വമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തില്‍ യുഎസുമായി സഹകരിക്കുന്ന അശ്ശറാ കഴിഞ്ഞ മാസം വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
