വിദ്യാര്‍ഥി വീസയില്‍ പഠനത്തിനായി റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാവ് കള്ളക്കേസില്‍ കുടുങ്ങി യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടു. ഗുജറാത്ത് സ്വദേശിയായ സാഹില്‍ മുഹമ്മദ് ഹുസൈനാണ് റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിതമായി ചേര്‍ക്കപ്പെട്ട ശേഷം സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്നെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാഹില്‍ പുറത്തുവിട്ട വീഡിയോ സന്ദേശം ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്.
പഠനത്തോടൊപ്പം ഒരു കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സാഹില്‍. ഇതിനിടെ റഷ്യന്‍ പോലീസ് തന്നെ വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയതായി സാഹില്‍ ആരോപിക്കുന്നു. സൈന്യത്തില്‍ ചേര്‍ന്നാല്‍ കേസ് റദ്ദാക്കാമെന്ന പോലീസിന്റെ വാഗ്ദാനത്തെത്തുടര്‍ന്നാണ് സാഹില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായത്. വെറും 15 ദിവസത്തെ പരിശീലനത്തിന് ശേഷം സാഹിലിനെ യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു.

നിലവില്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ പിടിയിലാണ് സാഹില്‍ മുഹമ്മദ്. യുദ്ധത്തിനിടെ യുക്രെയ്ന്‍ സൈന്യം തന്നെ പിടികൂടി ക്യാമ്പിലേക്ക് മാറ്റിയതായി സാഹില്‍ സന്ദേശത്തില്‍ പറയുന്നു. തന്നെയും മറ്റ് മൂന്ന് ഇന്ത്യക്കാരെയും റഷ്യന്‍ സൈന്യം യുദ്ധരംഗത്തേക്ക് നിര്‍ബന്ധപൂര്‍വ്വം അയക്കുകയായിരുന്നുവെന്നും സാഹില്‍ വെളിപ്പെടുത്തി. തന്നെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് യുവാവിന്റെ കുടുംബവും കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കുന്നത്.
