തോഷഖാന അഴിമതി കേസില്‍ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പാകിസ്ഥാനില്‍ കനത്ത സുരക്ഷാ ജാഗ്രത. ശിക്ഷാവിധിക്കെതിരെ ഇമ്രാന് ഖാന് അനുകൂലികള്‍ പ്രതിഷേധ റാലി പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനമായ റാവല്‍പിണ്ടിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തോഷഖാന കേസില്‍ 73-കാരനായ ഇമ്രാന് ഖാനും ഭാര്യ ബുഷ്റ ബീബിക്കും കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി 17 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ 1.64 കോടി രൂപ വീതം പിഴയും ഒടുക്കണം. റാവല്‍പിണ്ടിയിലെ അഡിയാല അതീവ സുരക്ഷാ ജയിലില്‍ വച്ചായിരുന്നു പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്.

കോടതി ഉത്തരവിന് പിന്നാലെ ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പിടിഐ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. റാവല്‍പിണ്ടിയില്‍ ഇന്ന് വന്‍ പ്രതിഷേധ മാര്‍ച്ച് നടക്കാനാണ് സാധ്യത. പ്രതിഷേധം തടയുന്നതിനായി 1,300-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ റാവല്‍പിണ്ടിയില്‍ വിന്യസിച്ചു. റോഡുകളില്‍ കണ്ടെയ്നറുകള്‍ നിരത്തിയും ബാരിക്കേഡുകള്‍ സ്ഥാപിച്ചും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. എലൈറ്റ് ഫോഴ്സ് കമാന്‍ഡോകള്‍ നഗരത്തില്‍ റോന്തുചുറ്റുന്നുണ്ട്.
പിടിഐക്ക് പുറമെ ജമാഅത്തെ ഇസ്ലാമിയും പഞ്ചാബ് തദ്ദേശ സ്വയംഭരണ നിയമത്തിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും സുരക്ഷാ വെല്ലുവിളി വര്‍ദ്ധിപ്പിക്കുന്നു. അഴിമതിക്കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന് ഖാന്റെ ആരോപണം. 2023 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. വിധിക്കെതിരെ ഇമ്രാന് ഖാന്റെ നിയമസംഘം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
