പോർട്ട്ലാൻഡ് (ഒറിഗൺ): മിനസോടയിൽ ഐ.സി.ഇ ഉദ്യോഗസ്ഥൻ ഒരു സ്ത്രീയെ വെടിവെച്ചുകൊന്നതിന്റെ തൊട്ടടുത്ത ദിവസം പോർട്ട്ലാൻഡിലും ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് ദമ്പതികൾക്ക് പരിക്കേറ്റു. പോർട്ട്ലാൻഡിലെ ഒരു ആശുപത്രി പരിസരത്ത് വെച്ചാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാർ വാഹനത്തിന് നേരെ വെടിവെച്ചത്. പോർട്ട്ലാൻഡിലെ ഒരു ആശുപത്രി പരിസരത്ത് വെച്ചാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാർ വാഹനത്തിന് നേരെ വെടിവെച്ചത്. പരിക്കേറ്റവർ ഭാര്യയും ഭർത്താവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭർത്താവിന് കൈയ്ക്കും ഭാര്യയ്ക്ക് നെഞ്ചിനുമാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഗുരുതരാവസ്ഥയിലല്ലെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. അഡ്വെന്റിസ്റ്റ് ഹെൽത്ത് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് ഏജന്റുമാർ ഇവരുടെ വാഹനം തടയാൻ ശ്രമിച്ചത്. വാഹനം ഓടിച്ചുപോയ ഇവരെ ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള ഹേസൽവുഡ്ഭാഗത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. ദമ്പതികൾ ഏജന്റുമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും അതിനാലാണ് വെടിവെച്ചതെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വാദം. എന്നാൽ ഏജന്റുമാർ വാഹനത്തിന്റെ വിൻഡോയിൽ ബലമായി അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഭയന്നാണ് അവർ വാഹനം ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷൻ നയങ്ങൾക്കെതിരെ പോർട്ട്ലാൻഡിൽ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. മേയർ കീത്ത് വിൽസൺ, സെനറ്റർ ജെഫ് മെർക്ലി തുടങ്ങിയവർ ഈ സംഭവത്തിൽ ശക്തമായ ഉത്‌കണ്‌ഠ രേഖപ്പെടുത്തി.

പരിക്കേറ്റവരിൽ ഒരാൾക്ക് വെനിസ്വേലൻ കുറ്റവാളി സംഘമായ ‘ട്രെൻഡി അരാഗ്വ’യുമായി ബന്ധമുണ്ടെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആരോപണം.വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഏജന്റുമാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചുവെന്നും, ആത്മരക്ഷാർത്ഥമാണ് വെടിവെച്ചതെന്നുമാണ് ഫെഡറൽ അധികൃതർ നൽകുന്ന വിശദീകരണം. മിനസോട വെടിവെപ്പിന് പിന്നാലെ നടന്ന ഈ സംഭവം നഗരത്തിൽ വലിയ സംഘർഷത്തിന് കാരണമായി. ഐ.സി.ഇ കെട്ടിടത്തിന് മുന്നിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. മിനസോട സംഭവത്തിൽ ഭരണകൂടത്തിന്റെ വിശദീകരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. അതിനാൽ, പോർട്ട്ലാൻഡിലെ ഫെഡറൽ ഏജന്റുമാരുടെ വാദങ്ങളും സംശയത്തിന്റെ നിഴലിലാണ്. പോർട്ട്ലാൻഡ് മേയറും സിറ്റി കൗൺസിലും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാകുന്നത് വരെ നഗരത്തിലെ എല്ലാ ഐ.സി.ഇ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ അവർ ആവശ്യപ്പെട്ടു. ഒറിഗൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡ് വിഷയത്തിൽ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചു.
