Thursday, March 19, 2026

വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറിനായി യു.എസിൽ 670 കിലോമീറ്റർ നീണ്ട ‘സാഹസിക’ യാത്ര

ന്യൂയോർക്ക്‌: യു.എസിൽ കഴിഞ്ഞ നവംബറിൽ സർക്കാർ ഓഫിസുകൾ അടച്ചിട്ടതിനെത്തുടർന്ന്, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് റോഡുമാർഗം യാത്ര ചെയ്യേണ്ടിവന്നത് 670 കിലോമീറ്റർ. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്നാണ്‌ പ്ളാൻ ബി സ്വീകരിച്ചത്‌. എസ്. ജയശങ്കറെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ യു.എസ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് (DSS) ആണ്‌ നീണ്ട റോഡ്‌ യാത്രയ്‌ക്ക്‌ നേതൃത്വം നൽകിയത്‌. കാനഡ അതിർത്തിയിലെ നയാഗ്രയിൽ നിന്ന് ന്യൂയോർക്കിലെ മൻഹാട്ടൻ വരെ അതീവ സുരക്ഷാ അകമ്പടിയോടെയാണ്‌ അദ്ദേഹം സഞ്ചരിച്ചത്.നവംബറിൽ രണ്ടാം ട്രംപ് സർക്കാരിന്റെ കാലത്തുണ്ടായ റെക്കോർഡ് ഭരണസ്തംഭനവും കനത്ത മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിൽ വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്കായി മന്ത്രിക്ക് ന്യൂയോർക്കിൽ എത്തേണ്ടത് അനിവാര്യമായിരുന്നു. വിമാനങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന്, ‘പ്ലാൻ ബി’ എന്ന നിലയിൽ റോഡ് മാർഗ്ഗം യാത്ര തിരിക്കാൻ സുരക്ഷാ ഏജൻസികൾ തീരുമാനിച്ചു. കാനഡയിലെ ജി 7 യോഗത്തിന് ശേഷം എത്തിയ മന്ത്രിയെ നയാഗ്രയിലെ ലെവിസ്റ്റൺ-ക്വീൻസ്റ്റൺ പാലത്തിൽ വെച്ച് യുഎസ് ഏജന്റുകൾ സ്വീകരിച്ചു.

27 സ്പെഷ്യൽ ഏജന്റുമാരടങ്ങുന്ന സംഘമാണ് 7 മണിക്കൂർ നീണ്ട ഈ യാത്രയ്ക്ക് അകമ്പടി സേവിച്ചത്. കഠിനമായ മഞ്ഞുവീഴ്ചയും പൂജ്യം ഡിഗ്രിക്ക് താഴെയുള്ള താപനിലയും മറികടന്നായിരുന്നു ഈ യാത്ര. യാത്രയ്ക്കിടെ മന്ത്രിയുടെ കവചിത വാഹനത്തിന് നേരെ സ്ഫോടകവസ്തു പരിശോധന നടത്തുന്ന നായ (K9) അപായ സൂചന നൽകിയത് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ പ്രദേശം സുരക്ഷിതമാക്കുകയും വിദഗ്ധ പരിശോധനയ്ക്ക് ശേഷം വാഹനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ ദൗത്യത്തെ “മിഷൻ ഡിഫൈനിംഗ് ചലഞ്ച്” എന്നാണ് വിശേഷിപ്പിച്ചത്. ഭരണസ്തംഭനത്തിനിടയിലും നയതന്ത്ര ബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമായതെന്ന് യുഎസ് അധികൃതർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!