വൻകൂവർ : ശക്തമായ മഴയും മഞ്ഞുരുകുന്നതും കാരണം പ്രവിശ്യയുടെ ഭൂരിഭാഗം തീരപ്രദേശങ്ങളിലും ജലനിരപ്പ് ഉയരുമെന്ന് ബി.സി. റിവർ ഫോർകാസ്റ്റ് സെന്‍റർ മുന്നറിയിപ്പ് നൽകി. വിക്ടോറിയ, വൻകൂവർ ദ്വീപിന്‍റെ കിഴക്കൻ തീരവും ഒഴികെയുള്ള മേഖലയിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും പ്രവിശ്യയിൽ അന്തരീക്ഷനദി സംവിധാനം ബാധിക്കുമെന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും വൻകൂവർ ദ്വീപിലും തെക്കൻ തീരത്ത് ഞായറാഴ്ച മുതൽ തിങ്കൾ വരെ നദികളിലെ ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തിലും തിങ്കളാഴ്ച വരെയും അതീവ ജാഗ്രത പാലിക്കണമെന്നും ഈ കാലാവസ്ഥാ രീതി വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

പ്രവിശ്യയിൽ അന്തരീക്ഷനദി സംവിധാനത്തെ തുടർന്ന് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. കൂടാതെ താപനില ഉയരുന്നതോടെ മഞ്ഞു ഉരുകുന്നതും മഴവെള്ളവും കൂടി ചേരുമ്പോൾ നദികളിലെ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഹൈദ ഗ്വായ്, സെൻട്രൽ കോസ്റ്റ്, വൻകൂവർ ദ്വീപ് എന്നിവിടങ്ങളിൽ, വെള്ളിയാഴ്ച ആരംഭിച്ച മഴ വാരാന്ത്യം വരെ തുടരും. ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ ഏറ്റവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
