എഡ്മിന്‍റൻ : ആൽബർട്ട സർക്കാർ പുതുതായി ഏർപ്പെടുത്തിയ വൈൻ ലെവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിനസ് ഗ്രൂപ്പുകൾ രംഗത്ത്. ആൽബർട്ട ഗെയിമിങ്, ലിക്കർ, കാനബിസ് കമ്മീഷൻ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ നിരക്ക് ചുമത്താൻ തുടങ്ങിയിരുന്നു. എന്നാൽ ലെവി ചുമത്തുന്നതുമായി ബന്ധപ്പെട്ട് പ്രവിശ്യാ സർക്കാർ ബിസിനസ് ഗ്രൂപ്പുകളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും അവർ പറയുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവുമായി പ്രവിശ്യാ നിവാസികൾ പൊരുതുന്നതിനിടെയാണ് വൈനിന് നികുതി ചുമത്തിയതെന്നും ബിസിനസ് ഗ്രൂപ്പുകൾ ആരോപിക്കുന്നു. പുതിയ വൈൻ ലെവി ഏർപ്പെടുത്തിയതോടെ വീഞ്ഞിന് ഒരു ലിറ്ററിന് അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെ വില ഉയരും. ഉദാഹരണത്തിന്, ബി.സി. വൈനറി ഡേർട്ടി ലോൺട്രി നിർമ്മിക്കുന്ന മെർലോട്ട് വൈൻ വില 29.99 ഡോളർ ആയിരുന്നത് ലെവി വന്നതോടെ 35.49 ആയി വർധിച്ചു.

മറ്റു കനേഡിയൻ പ്രവിശ്യകൾ അന്തർപ്രവിശ്യാ വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സമയത്ത് ആൽബർട്ടയുടെ പുതിയ വൈൻ നികുതി തിരിച്ചടിയാകുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വൈൻ ഗ്രോവേഴ്‌സിന്‍റെ തലവൻ ജെഫ് ഗിനാർഡ് പറയുന്നു.
