വിനിപെഗ് : അതിശക്തമായ ന്യൂനമർദ്ദത്തെ തുടർന്ന് മാനിറ്റോബയിൽ അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. മാനിറ്റോബയിലുടനീളം മൂന്ന് ദിവസത്തേക്ക് കഠിനമായ തണുപ്പ് അനുഭവപ്പെടും. കൂടാതെ പ്രവിശ്യയിലുടനീളം തണുത്ത കാറ്റ് വീശുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.

പ്രവിശ്യയുടെ തെക്കൻ മേഖലയിൽ താപനില മൈനസ് 40 മുതൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെയും വടക്കൻ മേഖലയിൽ മൈനസ് 45 മുതൽ മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെയും താപനില കുറയും. പകൽ സമയങ്ങളിൽ താപനില നേരിയ തോതിൽ മെച്ചപ്പെട്ടേക്കാം. പക്ഷേ എല്ലാ രാത്രിയിലും താപനില കുറഞ്ഞുകൊണ്ടേയിരിക്കുമെന്ന് ECCC പറയുന്നു. അതിശൈത്യ കാലാവസ്ഥാ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പ്രവിശ്യാ നിവാസികൾ പുറത്തിറങ്ങുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ കട്ടിയുള്ള, ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കണം. കൂടാതെ ഔട്ട്ഡോർ തൊഴിലാളികൾ പതിവായി വാം-അപ്പ് ചെയ്യാൻ ഇടവേളകൾ എടുക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
