വാഷിങ്ടൺ : മിനസോടയിൽ അഞ്ചുവയസുകാരനെ ഐസിഇ കസ്റ്റഡിയിലെടുത്തു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അനധികൃത കുടിയേറ്റ നടപടികൾക്കിടെയാണ് പ്രീസ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ലിയാം കൊനേജോ റാമോസ് എന്ന ഇക്വഡോർ വംശജനായ കുട്ടിയെ ഐസിഇ ഏജൻ്റുമാർ കസ്റ്റഡിയിലെടുത്തത്. നീല തൊപ്പിയും സ്പൈഡർമാൻ ബാഗും ധരിച്ച അഞ്ച് വയസ്സുകാരനെ ആയുധധാരികളായ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലിയാമിനെ കസ്റ്റഡിയിലെടുത്ത് കാണിച്ചുകൊണ്ട് വീട്ടിനുള്ളിലുള്ള അമ്മയെ പുറത്തിറക്കാൻ ഏജൻ്റുമാർ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ അധികൃതരും അയൽവാസികളും ലിയാമിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഐസിഇ ഉദ്യോഗസ്ഥർ നിരസിച്ചതായും ആരോപണമുയരുന്നുണ്ട്.

ലിയാമിനെ കൂടാതെ 17 വയസുകാരായ രണ്ടു കുട്ടികളും 10 വയസ്സുകാരനും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെയും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ഡിറ്റൻഷൻ ഫെസിലിറ്റിയിലേക്ക് മാറ്റി. സംഭവത്തിൽ മുൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. അതൊരു കുഞ്ഞാണെന്നും സ്വീകരിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും കമല ഹാരിസ് പറഞ്ഞു.
