Wednesday, February 4, 2026

മഞ്ഞ് നീക്കം ചെയ്യുന്നതിൽ വീഴ്ചയുണ്ടോ? സ്വകാര്യ കരാറുകാരെ നിരീക്ഷിക്കാൻ സസ്കറ്റൂൺ സിറ്റി

സസ്കറ്റൂൺ: നഗരത്തിലെ മഞ്ഞുനീക്കൽ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന സ്വകാര്യ കരാറുകാർക്ക് കടുപ്പമേറിയ നിബന്ധനകളുമായി സസ്കറ്റൂൺ സിറ്റി കൗൺസിൽ. കുറഞ്ഞ തുകയ്ക്ക് കരാർ ഉറപ്പിക്കുന്ന നിലവിലെ രീതിക്ക് പകരം, ജോലിയുടെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തി മാത്രം ഭാവിയിൽ കരാറുകൾ നൽകിയാൽ മതിയെന്ന നിർദ്ദേശത്തിന് കൗൺസിൽ ഐക്യകണ്ഠേന അംഗീകാരം നൽകി. സിറ്റിയുടെ വടക്കൻ മേഖലയിലെ (വാർഡ് 5) കൗൺസിലർ റാൻഡി ഡൊണാവർ അവതരിപ്പിച്ച പ്രമേയത്തിലാണ് കരാറുകാരെ നിരീക്ഷിക്കാനുള്ള പുതിയ സംവിധാനത്തിന് ശുപാർശ ചെയ്തത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഞ്ഞുനീക്കൽ പ്രവർത്തനങ്ങളിൽ വലിയ തോതിലുള്ള പാളിച്ചകൾ സംഭവിക്കുന്നതായി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. നഗരത്തിലെ ചില ഭാഗങ്ങളിൽ വേഗത്തിൽ മഞ്ഞുനീക്കം നടക്കുമ്പോൾ, മറ്റ് ഇടങ്ങളിൽ പ്രവൃത്തികൾ വൈകുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മുൻപ് തകരാറുകൾ വരുത്തുകയും പരാതികൾക്ക് ഇടയാക്കുകയും ചെയ്ത കരാറുകാർക്ക് തന്നെ വീണ്ടും കരാറുകൾ ലഭിക്കുന്നത് സേവനത്തെ ബാധിക്കുന്നുണ്ടെന്നും, കുറഞ്ഞ തുകയ്ക്ക് കരാർ നൽകുന്നതിനേക്കാൾ കൃത്യമായ ഗുണനിലവാരത്തിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

ബസ് യാത്രക്കാരും മഞ്ഞുനീക്കത്തിലെ അപാകതകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചില ബസ് സ്റ്റോപ്പുകളിൽ മഞ്ഞുനീക്കം കാര്യക്ഷമമല്ലാത്തതിനാൽ യാത്രക്കാർക്ക് മൂന്നടി വരെ ഉയരമുള്ള മഞ്ഞുകൂനകൾ താണ്ടി നടക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്. പുതിയ തീരുമാനപ്രകാരം, കരാറുകാരുടെ പ്രവർത്തനം സിറ്റി കൃത്യമായി നിരീക്ഷിക്കുകയും ഇതിന്റെ റിപ്പോർട്ട് ഭാവിയിലെ ടെൻഡർ നടപടികളിൽ മാനദണ്ഡമാക്കുകയും ചെയ്യും. പ്രവൃത്തികളിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് ഭാവിയിൽ കരാറുകൾ ലഭിക്കുന്നത് ഇതോടെ പ്രയാസകരമാകും. ഭരണവിഭാഗം ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!