ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണ്ണായകമായ ആണവ ചര്‍ച്ചകളിലേക്ക് പാക്കിസ്ഥാനും ക്ഷണം. ഫെബ്രുവരി ആറിന് തുര്‍ക്കിയിലെ ഇസ്തംബുളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തില്‍ പാക്കിസ്ഥാനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും പങ്കാളികളാകും.
പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര് ഇസ്തംബുളിലേക്ക് തിരിക്കും. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അറബ് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ നയതന്ത്ര നീക്കത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.

അതേസമയം, ദീര്‍ഘകാലമായി തുടരുന്ന ആണവ തര്‍ക്കത്തില്‍ ഒരു ധാരണയിലെത്താന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. അമേരിക്കയോടുള്ള വിശ്വാസം ഇറാന് നഷ്ടമായെങ്കിലും, നീതിയുക്തമായ ഒരു കരാറിലെത്താനാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആണവായുധങ്ങള്‍ വേണ്ടെന്ന ട്രംപിന്റെ നിലപാടിനോട് ഇറാന് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും, പകരമായി ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.
അറബിക്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട സംഭവത്തിന് പിന്നാലെയാണ് ഈ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നത് എന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. ഇറാന്റെ ആവശ്യപ്രകാരം ചര്‍ച്ചാ വേദി ഇസ്തംബുളില്‍ നിന്ന് ഒമാനിലേക്ക് മാറ്റാനുള്ള സാധ്യതകളും പരിഗണനയിലുണ്ട്. ആണവ നിരായുധീകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പൊതുധാരണയില്‍ എത്തുകയാണെങ്കില്‍ അത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് വഴിതുറക്കും.
