Wednesday, February 4, 2026

ചാപ്പലിലെ മാലാഖയ്ക്ക് മെലോനിയുടെ മുഖം; ഇറ്റലിയില്‍ വിവാദം

റോം: റോമിലെ പള്ളിയില്‍ വരച്ച മാലാഖയുടെ ചിത്രത്തിന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയുമായി സാദൃശ്യം വന്നത് വിവാദമാകുന്നു. ലൂസിനയിലെ സെന്റ് ലോറന്‍സ് ബസിലിക്കയുടെ ചാപ്പലില്‍ സ്ഥാപിച്ചിരുന്ന ചിത്രത്തിനാണ് അടുത്തിടെ നടന്ന പുനരുദ്ധാരണത്തിനു ശേഷം മെലോനിയുടെ മുഖച്ഛായ വന്നത്. നവീകരിച്ച ചിത്രങ്ങള്‍ ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം രാജ്യവ്യാപകമായ ചര്‍ച്ചയാകുകയും, ഇതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയവും റോം രൂപതയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

2000-ല്‍ പള്ളിയുടെ മുന്‍ഭാഗത്തെ ചാപ്പലുകളിലൊന്ന് നവീകരിച്ചപ്പോള്‍ ഇറ്റലിയുടെ അവസാനത്തെ രാജാവായ ഉമ്പര്‍ട്ടോ രണ്ടാമന്റെ പ്രതിമ അവിടെ സ്ഥാപിച്ചിരുന്നു. രാജാവിന് മുന്നില്‍ ഇറ്റലിയുടെ ഭൂപടവുമായി മുട്ടുകുത്തി നില്‍ക്കുന്ന ഒരു മാലാഖയുടെ ചിത്രവും അന്ന് ഇതിന്റെ ഭാഗമായി വരച്ചു ചേര്‍ത്തു. ഈ ചിത്രമാണ് അടുത്തിടെ നടന്ന രണ്ടാം ഘട്ട നവീകരണത്തിന് ശേഷം മെലോനിയുടെ മുഖവുമായി സാമ്യമുള്ള രീതിയില്‍ മാറിയത്. ഏകാധിപതി ബെനിറ്റോ മുസോളിനിയെ പിന്തുണച്ച ചരിത്രമുള്ളതിനാല്‍ രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇറ്റലി രാജഭരണത്തെ നിരോധിച്ചിരുന്നു. മുസോളിനിയുടെ പാത പിന്തുടരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’യുടെ നേതാവായ മെലോനിയുടെ മുഖം പഴയ രാജാവിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന മാലാഖയ്ക്ക് ലഭിച്ചത് മനഃപൂര്‍വമായ രാഷ്ട്രീയ നീക്കമാണോ എന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

വിവാദം കൊഴുക്കുന്നതിനിടെ രസകരമായ പ്രതികരണവുമായി ജോര്‍ജ മെലോനി തന്നെ രംഗത്തെത്തി. ‘ഞാന്‍ ഉറപ്പായും ഒരു മാലാഖയെ പോലെയല്ല’ എന്നായിരുന്നു മെലോനി ഇന്‍സ്റ്റഗ്രാമില്‍ തമാശരൂപേണ കുറിച്ചത്. മെലോനിയുമായുള്ള സാദൃശ്യം നിരാശാജനകമാണെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും രൂപത അധികൃതര്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!