ഓട്ടവ : ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി) പ്രോഗ്രാം നറുക്കെടുപ്പ് ആരംഭിച്ച് കാനഡ. വർക്കിങ് ഹോളിഡേ വീസ, യങ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാം. ഫെബ്രുവരി 6 വരെ ഇതിൽ വർക്കിങ് ഹോളിഡേ വീസ കാറ്റഗറിയിൽ മൂന്ന് നറുക്കെടുപ്പുകളിലൂടെ 24,728 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ വർഷം വർക്കിങ് ഹോളിഡേ വീസ കാറ്റഗറിയിൽ 45,523 പേർക്കാണ് ഇൻവിറ്റേഷൻ ലഭിക്കുക. ആകെ 45,523 ഒഴിവുകളുള്ളതിൽ പകുതിയോളം സീറ്റുകളിലേക്കും ഇപ്പോൾ തന്നെ ഇൻവിറ്റേഷൻ അയച്ചു കഴിഞ്ഞു എന്നത് ഈ വർഷത്തെ കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.

വിദേശ യുവതീയുവാക്കൾക്ക്, ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ് (എൽഎംഐഎ) ആവശ്യമില്ലാതെയും മുൻകൂട്ടി ക്രമീകരിച്ച ജോലി ഓഫർ ആവശ്യമില്ലാതെയും കാനഡയിൽ നിയമപരമായി ജോലി ചെയ്യാനുള്ള ഏറ്റവും വേഗമേറിയ മാർഗമാണ് വർക്കിങ് ഹോളിഡേ വർക്ക് പെർമിറ്റ്. ഈ സ്ട്രീമിന് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കും. കാനഡയിലെ ഭൂരിഭാഗം തൊഴിൽദാതാക്കൾക്കായി രണ്ട് വർഷം വരെ ജോലി ചെയ്യാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കുന്ന ഓപ്പൺ വർക്ക് പെർമിറ്റുകളാണ് ഇവ.

കാനഡയുമായി ഉഭയകക്ഷി യൂത്ത് മൊബിലിറ്റി കരാറുകളുള്ള മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്കുള്ള വർക്ക് പെർമിറ്റ് പ്രോഗ്രാമാണ് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ. ഐഇസി വർക്ക് പെർമിറ്റ് ലഭിക്കുന്നവർക്ക് ഒരു നിശ്ചിത കാലാവധിയിലേക്ക് കാനഡയിൽ താത്കാലികമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കും.
