ടൊറൻ്റോ : എറ്റോബിക്കോ വുഡ്ബൈൻ മാളിലെ പാർക്കിങ് ഏരിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ എറ്റോബിക്കോയിലെ റെക്സ്ഡെയ്ൽ മേഖലയിലുള്ള മാളിന് സമീപമാണ് വെടിവെപ്പ് നടന്നത്. ബ്രാംപ്ടൺ നിവാസി 37 വയസ്സുള്ള ചന്ദ കുമാർ രാജ നന്ദകുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. 2026-ൽ ടൊറൻ്റോയിൽ നടന്ന മൂന്നാമത്തെ കൊലപാതകമാണിത്.

വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ചന്ദ കുമാർ രാജ നന്ദകുമാറിനെ പാരാമെഡിക്കുകൾ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. സംഭവശേഷം പ്രതികൾ വെളുത്ത എസ്യുവിൽ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
