ധാക്ക: അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ ഉഭയകക്ഷി വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പുവെച്ചു. കരാര്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന പകരം തീരുവ 19 ശതമാനമാക്കി കുറച്ചു. നേരത്തെ ഇത് 37 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഓഗസ്റ്റില്‍ 20 ശതമാനമായി കുറച്ചിരുന്നു. ഇപ്പോള്‍ ഒപ്പിട്ട കരാറിലൂടെ ഇതില്‍ വീണ്ടും ഇളവ് ലഭിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ സുപ്രധാന നീക്കം.
ബംഗ്ലാദേശിന്റെ സാമ്പത്തിക നട്ടെല്ലായ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് പുതിയ കരാര്‍ വലിയ ഉണര്‍വ് നല്‍കും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തിയും മറ്റ് കൃത്രിമ നൂലുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അമേരിക്കയില്‍ നികുതി രഹിത പ്രവേശനം അനുവദിക്കുമെന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം. ആഗോള തുണി വിതരണ ശൃംഖലയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്നതിനും ഈ ചുവടുവെയ്പ്പ് സഹായിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി.

പകരമായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങളുടെ വിപണിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ബംഗ്ലാദേശും വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത വാഹനങ്ങള്‍, രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ബംഗ്ലാദേശ് വിപണിയില്‍ മുന്‍ഗണന ലഭിക്കും. കൂടാതെ, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് 14 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിനും പ്രതിരോധ ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനും കരാറില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നികുതി 18 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശുമായും അമേരിക്ക സമാനമായ ധാരണയിലെത്തുന്നത്.
