Monday, February 16, 2026

മുഖംമാറ്റിവക്കൽ ശസ്ത്രക്രിയ: പുതുപ്രതീക്ഷ നൽകി ഡൽഹി എയിംസ്; പദ്ധതി ഉടൻ

ന്യൂഡൽഹി: ആസിഡ് ആക്രമണം, ഗുരുതരമായ തീപ്പൊള്ളൽ, വാഹനാപകടങ്ങൾ എന്നിവയിലൂടെ മുഖം നഷ്‌ടപ്പെട്ടവർക്ക്‌ പ്രതീക്ഷ നൽകി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ മുഖംമാറ്റിവക്കൽ പദ്ധതിക്കാണ്‌ എയിംസിൽ തുടക്കം കുറിച്ചത്‌. ഹാർവാർഡ് മെഡിക്കൽ സ്കൂളിന് കീഴിലുള്ള ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. ഇന്ദ്രനീൽ സിൻഹയുടെ നേതൃത്വത്തിൽ എയിംസിലെ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന ചർമം, പേശികൾ, അസ്ഥികൾ, ഞരമ്പുകൾ എന്നിവ ഉപയോഗിച്ചാണ് ശസ്ത്രക്രിയ. ഇതുവഴി ശ്വസനം, ഭക്ഷണം കഴിക്കൽ, സംസാരിക്കൽ, പുഞ്ചിരിക്കൽ തുടങ്ങിയ സ്വാഭാവിക ശാരീരിക പ്രവർത്തനങ്ങൾ രോഗിക്ക് തിരികെ ലഭിക്കും. മുഖത്തിൻ്റെ ഭാഗികമായ പുനർനിർമാണ ശസ്ത്രക്രിയകളാണ് ഇതുവരെ തങ്ങൾ നടത്തിയിരുന്നതെന്നും ആദ്യമായാണ് ഒരു പൂർണ്ണ മുഖംമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നതെന്നും ഡോ. മനീഷ് സിംഗാൾ വ്യക്തമാക്കി.

എന്നാൽ ഇതൊരു കോസ്മെറ്റിക് സർജറിയല്ലെന്നും മറിച്ച് തകരാറിലായ ശാരീരിക ധർമ്മങ്ങൾ വീണ്ടെടുക്കാനുള്ള അതിസങ്കീർണ്ണമായ പ്രക്രിയയാണെന്നും ഡോ. ഇന്ദ്രനീൽ സിൻഹ ചൂണ്ടിക്കാട്ടി. കണ്ണുകൾ, നാക്ക് എന്നിവയൊഴികെ മുഖത്തെ ഭൂരിഭാഗം ഭാഗങ്ങളും ഇതിലൂടെ മാറ്റിവെക്കാനാകും. അതേ സമയം ശസ്ത്രക്രിയക്ക് ശേഷം ശരീരം പുതിയ അവയവത്തെ നിരസിക്കാതിരിക്കാൻ ആജീവനാന്തം പ്രതിരോധ മരുന്നുകൾ കഴിക്കേണ്ട അവസ്ഥ നിലവിലുണ്ടാകും. ശസ്ത്രക്രിയക്ക് മുമ്പായി രോഗികൾ നിർബന്ധമായും മാനസികാരോഗ്യ പരിശോധനകൾക്ക് വിധേയരാകണം. എന്നാൽ കാൻസർ ബാധിതർക്കും ലഹരി ഉപയോഗിക്കുന്നവർക്കും ഈ ശസ്ത്രക്രിയ ചെയ്യില്ല. കണക്കുകൾ പ്രകാരം 95 ശതമാനം രോഗികളിലും ശസ്ത്രക്രിയക്ക് ശേഷം ശരീരം അവയവത്തെ നിരസിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ഇത് പരിഹരിക്കാൻ സാധിക്കും. ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ നടന്ന മിക്ക ശസ്ത്രക്രിയകളിലും പത്ത് വർഷത്തിലേറെ വിജയകരമായി ജീവിതം തുടരുന്നവരുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം മുഖം മാറ്റിവെക്കുന്നതിലൂടെ ഒരാളുടെ വ്യക്തിത്വം പൂർണ്ണമായും മാറില്ലെന്നും ഇത് പ്രവർത്തനക്ഷമത വീണ്ടെടുക്കാൻ സഹായമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!