തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ശബരിമല തന്ത്രി കണ്ഠരര് രാജീവരര്ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനും സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 21 കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.
തന്ത്രിയും കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന് പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ, തന്ത്രിക്ക് പുറത്തുള്ള മറ്റ് സാമ്പത്തിക ബന്ധങ്ങളും അന്വേഷണ പരിധിയിലുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു സൊസൈറ്റിയില്‍ തന്ത്രി വന്‍തുക നിക്ഷേപിച്ചിരുന്നതായും, സൊസൈറ്റി പൂട്ടിയിട്ടും ആ പണം അദ്ദേഹം തിരിച്ചു ചോദിക്കാതിരുന്നതും ഇഡി സംശയത്തോടെയാണ് കാണുന്നത്. തന്ത്രിയുടെ പണമിടപാടുകളില്‍ ഇഡി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്ത്രിക്ക് ജാമ്യം ലഭിച്ചത് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പറ്റിയ ഗുരുതരമായ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നു. കോടതിയില്‍ പ്രോസിക്യൂഷന് ഉയര്‍ത്തിയ വാദങ്ങള്‍ ദുര്‍ബലമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും ശബരിമലയിലെ യുവതീ പ്രവേശന നീക്കങ്ങളെയും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞതാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും തന്ത്രി കോടതിയില്‍ വാദിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം മറച്ചുപിടിക്കാനാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്നും പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.
