ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ മഞ്ഞുമൂടിയതോടെ ഗ്രേറ്റർ ടൊറൻ്റോയിൽ ശനിയാഴ്ച വൈകുന്നേരം നിരവധി വാഹനാപകടങ്ങളുണ്ടായതായി അധികൃതർ റിപ്പോർട്ട് ചെയ്തു. റോഡുകൾ, നടപ്പാതകൾ, മറ്റ് പ്രതലങ്ങൾ എന്നിവ മഞ്ഞുമൂടിയതും വഴുക്കലുള്ളതുമായി മാറാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ ശനിയാഴ്ച വൈകുന്നേരം മുന്നറിയിപ്പ് നൽകിയിരുന്നു.

വൈകുന്നേരം ഏഴു മണിയോടെ വാർഡന് സമീപം ഹൈവേ 407-ൽ കാൽനടയാത്രക്കാരനെ വാഹനമിടിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് റോഡ് അടച്ചു. അതേസമയം, ബ്ലൂമിംഗ്ടൺ റോഡിൽ ഹൈവേ 404-ന്‍റെ എല്ലാ നോർത്ത് ബൗണ്ട് റോഡുകളും അടച്ചു. നോർത്ത് യോർക്കിൽ, യങ് സ്ട്രീറ്റിനും വെഡ്ജ്വുഡ് ഡ്രൈവിനും സമീപം രാത്രി എട്ടുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കൺസ്യൂമേഴ്‌സ് റോഡിനും യോർക്ക്‌ലാൻഡ് ബൊളിവാർഡിനും സമീപം രാത്രി പത്തരയോടെ മറ്റൊരു അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വാഹനം മറിഞ്ഞതായി പൊലീസ് പറയുന്നു. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. രാത്രി പതിനൊന്നരയോടെ കിങ് സ്ട്രീറ്റിലെ സ്പഡൈന അവന്യൂവിലെ തിരക്കേറിയ ഇന്‍റർസെക്ഷനിൽ ടിടിസി സ്ട്രീറ്റ് കാർ പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടു.
