ജെറുസലെം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. സന്ദര്‍ശന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, തന്റെ ‘പ്രിയ സുഹൃത്തിന്റെ’ വരവ് അതീവ പ്രാധാന്യമുള്ള ഒരു ചരിത്ര മുഹൂര്‍ത്തമാണെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണെന്ന് നെതന്യാഹു എക്‌സില്‍ കുറിച്ചു. ബുധനാഴ്ച ഇസ്രയേലിലെത്തുന്ന മോദി, ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്.
രണ്ടു ദിവസം നീളുന്ന സന്ദര്‍ശന വേളയില്‍ പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മേഖലയിലെ സമാധാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടംപിടിക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. ജെറുസലേമിലെ യാദ് വാഷെം സ്മാരകം സന്ദര്‍ശിക്കുന്നതടക്കം നിരവധി ഔദ്യോഗിക പരിപാടികളില്‍ പ്രധാനമന്ത്രി പങ്കുചേരും.

‘വിശ്വാസം, നവീനത, സമാധാനത്തോടുള്ള പ്രതിബദ്ധത എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-ഇസ്രയേല്‍ സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നു,’ എന്ന് നെതന്യാഹുവിന് മറുപടിയായി പ്രധാനമന്ത്രി മോദിയും പ്രതികരിച്ചു. 2017-ലാണ് മോദി ഇതിനു മുന്‍പ് ഇസ്രായേല്‍ സന്ദര്‍ശിച്ചത്; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ ആദ്യ സന്ദര്‍ശനമായിരുന്നു അത്. നിലവിലെ പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഈ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്.
