കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേര് മരിച്ചു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് തിങ്കളാഴ്ച പുലര്‍ച്ചെ 1:15-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ബെനിഘട്ട് റോറങ് മുന്‍സിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ച് നിയന്ത്രണം വിട്ട ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. 12 പുരുഷന്മാരും 6 സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചതെന്ന് ജില്ലാ ട്രാഫിക് പൊലീസ് ചീഫ് ശിശിര്‍ ഥാപ്പ സ്ഥിരീകരിച്ചു.
അപകടസമയത്ത് 40-ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ 25 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതില്‍ 24 പേരെ നില ഗുരുതരമായതിനാല്‍ കാഠ്മണ്ഡുവിലെ ആശുപത്രികളിലേക്ക് എത്തിച്ചു. രക്ഷപ്പെട്ടവരില്‍ ജപ്പാന്, നെതര്‍ലന്‍ഡ്സ് സ്വദേശികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയിലെ കനത്ത ഇരുട്ടും ഭൂപ്രകൃതിയുടെ പ്രത്യേകതയും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാക്കി. നേപ്പാള്‍ സൈന്യം, സായുധ പൊലീസ് സേന, നേപ്പാള്‍ പൊലീസ് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പൃഥ്വി രാജ്മാര്‍ഗ് ബസ് സഞ്ചാലക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഉടമയായ ഓം കുമാര്‍ ശ്രേഷ്ഠ അപകടത്തില്‍ മരിച്ചതായാണ് സൂചന. എന്നാല്‍ ബസ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഗജൗരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നേപ്പാള്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
