എഡ്മിന്‍റൻ : ആൽബർട്ടയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നവർക്ക് സന്തോഷവാർത്തയായി പുതിയ പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഫെബ്രുവരി 6 നും ഫെബ്രുവരി 19 നും ഇടയിൽ നിരവധി ഇമിഗ്രേഷൻ സ്ട്രീമുകളിലായി ആറ് പ്രവിശ്യാ ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ നടത്തി. റൂറൽ റിന്യൂവൽ സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിലുള്ള ‘ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ’, ലോ എൻഫോഴ്സ്മെൻ്റ് പാത്ത്‌വേ, പ്രയോറിറ്റി സെക്ടർ പാത്ത്‌വേ എന്നീ സ്ട്രീമുകൾ വഴി ആകെ 441 അപേക്ഷകർക്കാണ് ആൽബർട്ട ഇൻവിറ്റേഷൻ നൽകിയത്. ഈ വർഷം ആകെ 6,403 നോമിനേഷനുകളാണ് ഫെഡറൽ സർക്കാർ ആൽബർട്ടയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ ഇതുവരെ 612 നോമിനേഷനുകൾ നൽകിക്കഴിഞ്ഞു. ഇനിയും 5,791 നോമിനേഷനുകൾ ബാക്കിയുണ്ട്. അതേസമയം 1,032 അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ആൽബർട്ട ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിലുള്ള ‘ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ’ വഴി 147 പേർക്കും, റൂറൽ റിന്യൂവൽ സ്ട്രീം വഴി 212 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ നിർമ്മാണ മേഖലയിലുള്ള 50 പേർക്കും, മാനുഫാക്ചറിങ് മേഖലയിലെ 32 പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ മാനുഫാക്ചറിങ് മേഖലയെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ നറുക്കെടുപ്പാണിത്.
