ഓട്ടവ : കാനഡയിലെ കോസ്റ്റ്‌കോ വെയർഹൗസുകളിൽ വിറ്റഴിച്ച കുട്ടികൾക്കുള്ള പാൽപ്പൊടി (ഇൻഫൻ്റ് മിൽക്) ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന വിഷവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്‍റെ സാന്നിധ്യം മൂലമാണ് യുകെ ആസ്ഥാനമായുള്ള കമ്പനിയായ കെൻഡാമിൽ ബ്രാൻഡ് ഇൻഫൻ്റ് മിൽക് തിരിച്ചുവിളിച്ചത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ 1,049 ഗ്രാം പാക്കേജുകളിലാണ് വരുന്നത്.

സെറ്യൂലൈഡ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ 30 മിനിറ്റിനുള്ളിൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയുൾപ്പെടെ ദഹനനാളത്തിലെ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും. കൂടാതെ ശിശുക്കളിൽ വിഷവസ്തു നിർജ്ജലീകരണം പോലുള്ള കൂടുതൽ സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. സെറ്യൂലൈഡ് ഉയർന്ന താപനിലയിലും നശിക്കാത്തതിനാൽ പാൽപ്പൊടി ചൂടാക്കുമ്പോൾ നിർജ്ജീവമാകുകയോ നശിക്കുകയോ ചെയ്യില്ലെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു.

കെൻഡാമിൽ ബ്രാൻഡ് ഇൻഫൻ്റ് മിൽക് കഴിക്കരുതെന്നും അവ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണം. കാനഡയിൽ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തിരിച്ചുവിളിച്ച ഇൻഫൻ്റ് മിൽക് കഴിച്ച ശിശുക്കളിൽ വയറിളക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നു.
